ആദികേരളവും നവകേരളവും / ഫാ. ഡോ. കെ. എം. ജോര്‍ജ്
ആദികേരളവും നവ കേരളവും: രണ്ട് യജ്ഞങ്ങളുടെ കഥ
ആദികേരളത്തിന്‍റെ വേരുകള്‍ നമ്മുടെ പുരാണേതിഹാസങ്ങളിലാണ്. കേരളോല്‍പ്പത്തി തേടുന്നവര്‍ ചെന്നെത്തുക പരശുരാമ കഥയിലാണ്. ‘പരശു’ എന്നാല്‍ മഴു എന്നര്‍ത്ഥം. മഴുവേന്തിയ രാമനാണ് പരശുരാമന്‍. അതാണ് അദ്ദേഹത്തിന്‍റെ സ്വത്വം (identity). ജമദഗ്നി മഹര്‍ഷിയുടെയും രേണുകയുടെയും പുത്രനായ രാമന്‍ ഇതിഹാസപുരുഷനാകുന്നത് ഒരു വംശഹത്യയിലൂടെയാണ്. ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുണ്ടായ അധികാര മല്‍സരത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷത്രിയരെ മുഴുവന്‍ കൊന്നൊടുക്കാന്‍ രാമന്‍ ഉപകരണമായത് ശിവന്‍റെ വരദാനമായ മഴുവാണ്. സ്വന്തം പിതാവിന്‍റെ ആജ്ഞ അനുസരിച്ച് ഒരിക്കല്‍ മാതൃഹത്യയും പിന്നെ മറ്റൊരിക്കല്‍ സ്വന്തം പിതാവിന്‍റെ മാനംകാക്കാന്‍ ക്ഷത്രിയ നിഗ്രഹവും നടത്തിയ പരശുരാമന്‍ അവസാനം തന്‍റെ പാപങ്ങള്‍ക്കു പരിഹാരമായി രക്തരൂക്ഷിതമായ ആ ആയുധം വലിച്ചെറിയുന്നു. മഹാസംഹാരത്തിന്‍റെ പ്രതീകമായിരുന്ന മഴു കടലിന് മുകളിലൂടെ വലിച്ചെറിഞ്ഞത് ഒരു മഹാസൃഷ്ടിക്കു വേണ്ടിയായിരുന്നു. ആ സൃഷ്ടിയാണ് അസ്ഥിരതയുടെ പ്രതീകമായ കടലില്‍ നിന്നുയര്‍ന്നു വന്ന കേരളം. ഒരു മഹാപരാധം ചെയ്തതിന്‍റെ കുറ്റബോധം ഏറ്റം സര്‍ഗ്ഗാത്മകമായി പ്രായശ്ചിത്തം തേടിയപ്പോള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു മനോഹര സൃഷ്ടി ജനിക്കുന്നു. കുറ്റബോധവും സര്‍ഗ്ഗശേഷിയും തമ്മിലുള്ള ഈ ബന്ധം എന്നുമൊരു മനശ്ശാസ്ത്ര സമസ്യയാണ്.
തനിക്ക് സ്വത്വബോധവും ഐതിഹാസിക പ്രശസ്തിയും നേടിക്കൊടുത്ത മഴുവെറിഞ്ഞ് പരശുരാമന്‍ വെറും രാമനായി. ആയുധമെറിഞ്ഞു കളഞ്ഞ് നിരായുധനും സാത്വികനുമായ പരശുരാമന്‍ തന്‍റെ ഇതഃപര്യന്തമുള്ള സ്വത്വത്തെ സ്വയം നിഷേധിച്ചു. മനുഷ്യര്‍ക്കായി ഭൂമി സൃഷ്ടിച്ച്, മഹേന്ദ്രഗിരിയില്‍ മോക്ഷാര്‍ത്ഥിയായി തപസ്സനുഷ്ഠിച്ചു. ഇവിടെയൊരു ത്യാഗമുണ്ട്. ഇതൊരു യജ്ഞമാണ്. കേരളോല്‍പ്പത്തിയുടെ ഈ പശ്ചാത്തല കഥ പ്രതീകാത്മകമായി സൂചിപ്പിക്കുന്നത് ഒരു ശാന്തിയജ്ഞത്തെയാണ്. സ്വയം ത്വജിക്കുന്ന ഒരു ആത്മയാഗം. ആയുധവും അക്രമവും കളഞ്ഞ് മനുഷ്യലോകത്തില്‍ നീതിയും സമാധാനവും കൈവരുത്തുന്ന സൃഷ്ടിയജ്ഞം. നിഷേധാത്മകമായ കുറ്റബോധത്തെ മനുഷ്യനന്മയ്ക്കായി പരിവര്‍ത്തനം ചെയ്യുന്ന സൃഷ്ടികാമന.
വെള്ളത്തില്‍ നിന്നുയര്‍ന്നുവന്ന കേരളം എല്ലാ മത-ജാതീയ-രാഷ്ട്രീയ വൈരങ്ങള്‍ക്കപ്പുറം ശാന്തിഭൂമികയാകയാല്‍ വരം ലഭിച്ച നാടാണ്. നീതിയും സമത്വവും സൗഹൃദവും കരുതലും കളിയാടേണ്ട ദേശമാണിത്. ഒരു മഹാപ്രളയം ഈ ആദിസകങ്കല്‍പ്പത്തെയും അതിനു പുറകിലുള്ള ശാന്തിയജ്ഞത്തെയും ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇനി ചതിത്രാതീതമായ ഇതിഹാസ കഥയില്‍ നിന്ന് കേരളത്തിന്‍റെ സമീപകാല ചരിത്രത്തിലേക്ക് ഒരു ചുവടുമാറ്റം നടത്താം. രണ്ടു കഥകളിലും പക്ഷേ പ്രതീകശേഷിയാണ് പ്രമുഖം എന്നു മറക്കരുത്. ആക്ഷരികതയിലേക്ക് അവയെ ശോഷിപ്പിക്കരുത്.
2018-ലെ മഹാപ്രളയത്തില്‍, ഹൃദയസ്പര്‍ശിയായ അനേകം രക്ഷാദൗത്യങ്ങള്‍ നാം കണ്ടു. ഒന്നു മാത്രം എടുത്തു പറയുന്നു. ജെയ്സല്‍ എന്ന മത്സ്യത്തൊഴിലാളിയായ ചെറുപ്പക്കാരന്‍ തന്‍റെ ശരീരം സ്വയം ഒരു ചവിട്ടുപടിയായി മാറ്റി പ്രളയജലത്തില്‍ കിടന്നു. സ്ത്രീകളും കുഞ്ഞുങ്ങളും എല്ലാം ആ “മനുഷ്യപുത്രന്‍റെ” പുറത്തു ചവിട്ടി വള്ളത്തില്‍ കയറി (ചിത്രം കാണുക). സ്വയം തൃജിച്ച് ഒരു രക്ഷായജ്ഞം, നമ്മുടെ കണ്‍മുമ്പില്‍, കേരളത്തിന്‍റെ പുതിയ ചരിത്രത്തില്‍ അരങ്ങേറി. മതവും ജാതിയും സ്ത്രീപുരുഷഭേദവും നോക്കാതെ എല്ലാ മനുഷ്യര്‍ക്കുമായി മഹാപ്രളയത്തില്‍ രക്ഷയുടെ പാലമായി, സ്നേഹത്തിന്‍റെ ചവിട്ടുപടിയായി ഇതാ ഒരു മനുഷ്യന്‍. നൂറു പേര്‍ ചവിട്ടിയാല്‍ തകര്‍ന്നു പോകുന്നതായിരിക്കും ആ മനുഷ്യന്‍റെ നട്ടെല്ല്. ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരു കുടുംബത്തിന്‍റെ അത്താണിയായ ഒരു ചെറുപ്പക്കാരന്‍ എല്ലാ മനുഷ്യരെയും തന്‍റെ കുടുംബമാക്കി. എല്ലാവര്‍ക്കുമായി സ്വയം നല്‍കി “ശരീരമാദ്യം ഖലുധര്‍മ്മസാധനം” ഇതൊരു പുതിയ സ്നേഹയജ്ഞമാണ്. പ്രളയാനന്തര നവകേരളത്തിന്‍റെ ഉല്‍പ്പത്തികഥ ഇവിടെ തുടങ്ങണം. സമ്പത്തോ പ്രശസ്തിയോ ഒന്നും തേടിയല്ല ആ മനുഷ്യപുത്രന്‍ അത് ചെയ്തത്. അദ്ദേഹത്തെപ്പോലെ മറ്റനേകരും പല തരത്തില്‍ ഈ സ്നേഹയാഗത്തില്‍ പങ്കെടുത്തു. പുതിയ കേരളം ഒരിക്കലും മറക്കാതെ ഈ നവേതിഹാസവും ഹൃദയത്തില്‍ സൂക്ഷിക്കണം.
ഭൃതികമായി എല്ലാം ഉണ്ടാക്കിവച്ച് അതില്‍ അഭിരമിക്കുകയും, കനത്ത ഭിത്തികള്‍ കെട്ടി, ഗേറ്റുകള്‍ താഴിട്ടു പൂട്ടുകയും ചെയ്ത ഒത്തിരിപ്പേര്‍ക്ക്എല്ലാം നഷ്ടപ്പെട്ടു. ഒരു നിമിഷത്തില്‍ തങ്ങളുടെ ജീവന്‍ മാത്രം തിരിച്ചുകിട്ടിയാല്‍ മതിയെന്ന് വരെ അവരാഗ്രഹിച്ചു. ഈ പശ്ചാത്തലത്തിലാണ് മുകളില്‍ പ്രതീകരൂപേണ സൂചിപ്പിച്ച രണ്ടു യജ്ഞങ്ങളും നാം ഓര്‍ക്കേണ്ടത്. ഒരു പുതിയ സാമൂഹ്യക്രമവും മാനുഷിക സംസ്കാരവും നമ്മുടെ കേരളത്തിലും വിശാലമായ ഭാരതത്തിലും ലോകത്തിലും സൃഷ്ടിക്കാന്‍ പുതിയ സ്നേഹയജ്ഞങ്ങള്‍ ആവശ്യമായി വരുന്നു. ഐതിഹാസികമായി കടലിന്‍റെ അഗാധതയില്‍ നിന്നുയര്‍ന്ന കേരളം, മഹാപ്രളയത്തിന്‍റെ കെടുതിയില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കേരളം ഒരു പുതിയ യജ്ഞഭൂമികയായി മാറണം – സമാധാനത്തിന്‍റെ, സൗഹൃദത്തിന്‍റെ, പങ്കിടലിന്‍റെ, സുരക്ഷിതത്വത്തിന്‍റെ ഭൂമിക.
ഋഗ്വേദത്തിലെ പ്രസിദ്ധമായ വാക്യം ഓര്‍ക്കണം: “യജ്ഞോ ഭുവനസ്യ നാഭി” (Sacrifice is the navel of universe) ലോകത്തിന്‍റെ ചുഴിക്കുറ്റി യജ്ഞമാണ്.
അനുഷ്ഠാന പ്രധാനമായ യാഗങ്ങള്‍ക്കതീതമായി, സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സമത്വത്തിന്‍റെയും മഹാമനുഷ്യ യജ്ഞങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. മതങ്ങളും രാഷ്ട്രീയ ചേരികളും കുപ്പിച്ചീളുകള്‍ തറച്ച് ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ക്കപ്പുറം പ്രളയഭീഷണിയില്‍ നിസ്സഹായരായി തേങ്ങുന്ന മനുഷ്യരുടെ ഞരക്കങ്ങളും നിലവിളികളുമാണ് ഇവിടെ യാഗമന്ത്രങ്ങളാകേണ്ടത്. ഈശ്വരസന്നിധിയില്‍ ആ നിലവിളികളെത്തുന്നു. മഴുവെറിഞ്ഞ് മനുഷ്യര്‍ക്കായി മണ്ണൊരുക്കിയ രാമന്‍ ഇതിഹാസത്തിലാണെങ്കിലും നട്ടെല്ലു വിടര്‍ത്തി മനുഷ്യര്‍ക്ക് ചവിട്ടുപടിയായ ജെയ്സല്‍ സമീപകാല ചരിത്രത്തിലാണെങ്കിലും പുതിയ മനുഷ്യരാശിക്കുവേണ്ടി സ്വയം യാഗമായി അര്‍പ്പിക്കുന്നവരുടെ പ്രതീകങ്ങളാണ്. അത്തരം മനുഷ്യരെയാണ് ലോകം കാത്തിരിക്കുന്നത്. അവര്‍ നമ്മുടെ പ്രത്യാശയും ലോകത്തിന്‍റെ ഭാവിയുമാണ്. പ്രളയാനന്തര കേരളം ഈ യജ്ഞസ്മരണയിലൂടെ ഒരു പുതിയ ജീവിതശൈലിയും സാമൂഹികക്രമവും ഉരുത്തിരിക്കട്ടെ.
“അയം യജ്ഞോ ഭുവനസ്യ നാഭി.”
(വര ആര്‍ട്ട് ജേണല്‍, )

