പാമ്പാടി തിരുമേനി: ആര്‍ദ്രവും സൗമ്യവുമായ ഒരു സാന്നിധ്യം | ഫാ. ഡോ. കെ. എം. ജോര്‍ജ്

PampadyThirumeni-icon
പൗരസ്ത്യ ക്രിസ്തീയ സന്യാസത്തിന്‍റെയും ഭാരതീയമായ ഋഷിപാരമ്പര്യത്തിന്‍റെയും മനോജ്ഞമായ സമ്മേളനമാണ് പരിശുദ്ധനായ പാമ്പാടി തിരുമേനിയില്‍ നാം കാണുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പേരില്‍ പ്രശസ്തമായ പാമ്പാടിക്കടുത്ത് പൊത്തന്‍പുറം മലയില്‍ 1914-ല്‍ കുടില്‍കെട്ടി കാനനവാസം തുടങ്ങിയ കുറിയാക്കോസ് റമ്പാന്‍ എന്ന സന്യാസി വൈദികന്‍ ലാളിത്യവും ജീവിതവിശുദ്ധിയും മനുഷ്യസ്നേഹവും മുന്‍നിര്‍ത്തിയാണ് തപസ്സാരംഭിച്ചത്.

പാമ്പാടി തിരുമേനിയുടെ ആദ്ധ്യാത്മികത നിശ്ശബ്ദവും പ്രകടനപരത ഒട്ടും തീണ്ടാത്തതുമായിരുന്നു. ഉന്നത വിദ്യാഭ്യാസമോ വാഗ്വിലാസമോ ഇല്ലാത്ത ആ താപസന്‍ തന്‍റെ സമകാലീനനായിരുന്ന അരുണാചലത്തിലെ രമണ മഹര്‍ഷിയെപ്പോലെ സ്വച്ഛവും ആര്‍ദ്രവുമായ സാന്നിധ്യംകൊണ്ടു ലോകത്തിനു പ്രകാശം നല്‍കി. ഇത്തരം ആദ്ധ്യാത്മിക ജീവിതശൈലി ഇന്നു മിക്കവാറും നമുക്ക് അന്യമായിക്കഴിഞ്ഞു. ദശലക്ഷങ്ങളുടെ മാധ്യമപരസ്യങ്ങളിലും ശബ്ദമലിനീകരണമുണ്ടാക്കുന്ന പ്രഭാഷണ കസര്‍ത്തുകളിലും അത്ഭുതരോഗശാന്തിമേളകളിലുമാണ് ക്രിസ്തീയ ആദ്ധ്യാത്മികത എന്നു വിശ്വസിക്കുന്നവര്‍, പാമ്പാടി തിരുമേനിയെപ്പോലെയുള്ളവരില്‍നിന്നു പ്രസരിച്ച സൗമ്യദീപ്തിയുടെ ഉറവിടം ഏതാണെന്നു കൂടി അന്വേഷിക്കേണ്ടതാണ്.

പാമ്പാടി തിരുമേനിയുടെ ആദ്ധ്യാത്മിക സാധനകള്‍ ഓര്‍ത്തഡോക്സ് സഭാപാരമ്പര്യത്തിലെ ഉപവാസവും നോമ്പും പ്രാര്‍ത്ഥനയുമായിരുന്നു. അവയിലൂടെ ലഭിച്ച ആത്മീയസിദ്ധികളെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പരസ്യപ്പെടുത്താനോ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനോ അദ്ദേഹം ഉപയോഗിച്ചില്ല. സ്വന്തം സുഖങ്ങള്‍ പരിത്യജിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി നിരന്തരം കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചിരുന്ന തിരുമേനിയില്‍ ആര്‍ദ്രമായ മനുഷ്യസ്നേഹവും അനുകമ്പയുമാണ് എന്നും നിറഞ്ഞുനിന്നത്.

സഭയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം മെത്രാന്‍സ്ഥാനം സ്വീകരിച്ചെങ്കിലും ഒരു സന്യാസിയുടെ നിസ്സംഗതയും അതിലളിതമായ ജീവിതശൈലിയും അദ്ദേഹം പൂര്‍ണ്ണമായും നിലനിര്‍ത്തി. തന്‍റെ നാഥനായ യേശുക്രിസ്തുവിന്‍റെ ഉപദേശം അക്ഷരംപ്രതി അനുസരിച്ച മെത്രാന്‍, അന്നന്നേയ്ക്കുള്ള ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. നാളെയെക്കുറിച്ച് ഒട്ടും ഭാരപ്പെടാതെ, അത്താഴത്തിനു കഷ്ടിച്ചു വച്ചിരുന്ന അരിപോലും എടുത്ത് അഗതികള്‍ക്കു കൊടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.

അതിഥി ദേവോ ഭവഃ എന്ന ഭാരതീയ തത്വം തന്‍റെ ആദ്ധ്യാത്മികതയുടെ ആണിക്കല്ലായി പാമ്പാടി തിരുമേനി സ്വീകരിച്ചു. ആഡംബര പൂര്‍ണ്ണമായ വിരുന്നുകളിലൂടെയല്ല അദ്ദേഹം അതിഥിസല്‍ക്കാരം ആചരിച്ചത്. അഗതികളോടും നിരാശ്രയരോടും ദുഃഖിതരോടുമുള്ള ആര്‍ദ്രമായ ഏകീഭാവത്തിലൂടെയാണ് അദ്ദേഹം അതു സാക്ഷാത്ക്കരിച്ചത്. ആകാശത്തിലെ പക്ഷികളും അലഞ്ഞുനടക്കുന്ന നായ്ക്കളും അവരുടെ സ്രഷ്ടാവിന്‍റെ കരുതലും വാത്സല്യവും തിരുമേനിയിലൂടെ അനുഭവിച്ച സംഭവങ്ങള്‍ ഇന്നു പ്രസിദ്ധമാണ്. അരമനയില്‍നിന്നു റബര്‍ഷീറ്റ് മോഷ്ടിച്ച യുവാവിനെ ആളുകള്‍ തൊണ്ടിയോടെ പിടിച്ചു തിരുമേനിയുടെ മുമ്പില്‍ കൊണ്ടുവന്നപ്പോള്‍ ആ പിതാവ് മോഷ്ടാവിന്‍റെ ജീവിതകഥയൊക്കെ തിരക്കി അനുകമ്പയോടെ പറഞ്ഞു: “കുഞ്ഞേ, മോഷണം പാപമാണ്. ഇനി മോഷ്ടിക്കരുത്. നിന്‍റെ തലയിലിരിക്കുന്ന റബര്‍ നീ എടുത്തുകൊള്ളൂ. അതു വിറ്റ് ആ പണം കളയാതെ എന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കണം. ദൈവം നിന്നെ കാക്കട്ടെ.” വിക്ടര്‍ യൂഗോവിന്‍റെ ‘പാവങ്ങളി’ലെ മെത്രാന്‍, പാമ്പാടി തിരുമേനിയിലൂടെ നമ്മുടെ ഇടയില്‍ ജീവിച്ചു. പാവങ്ങളായ മനുഷ്യരും ആകാശപ്പറവകളും മൃഗങ്ങളും മരങ്ങളും മോഷ്ടാക്കളും എല്ലാം അദ്ദേഹത്തിന് അതിഥികളായിരുന്നു.

മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇന്നത്തെ ലോകത്തെ ദുരിതപൂര്‍ണ്ണമാക്കുമ്പോള്‍ മതങ്ങളുടെ അന്തഃസത്തയറിഞ്ഞ് മനുഷ്യസ്നേഹത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും സാന്ത്വനസ്പര്‍ശം നല്‍കുന്നവരും നമ്മുടെ ലോകത്തിലുണ്ട്. പാമ്പാടി തിരുമേനിയുടെ ഗുരുവായിരുന്ന മഠത്തിലാശാനും ശിഷ്യനും തമ്മിലുള്ള ബന്ധം ഹൃദയസ്പര്‍ശിയാണ്. ക്രൈസ്തവനായ ശിഷ്യന്‍റെ ആത്മീയതയുടെ ആഴമറിഞ്ഞ ഹൈന്ദവനായ ഗുരു തന്‍റെ ശിഷ്യനു പര്‍ണശാല കെട്ടി ധ്യാനിക്കാന്‍ കൊടുത്ത സ്ഥലമാണ് പൊത്തന്‍പുറം കുന്ന്. ഗുരുവിന്‍റെ കുടുംബവും ശിഷ്യനായ മെത്രാനും തമ്മിലുള്ള ഹൃദയബന്ധം മഠത്തിലാശാന്‍റെ പൗത്രനും കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് അദ്ധ്യക്ഷനുമായിരുന്ന ഡോ. രാമകൃഷ്ണപിള്ള തന്‍റെ ലേഖനങ്ങളില്‍ ആര്‍ദ്രമായ ഭാഷയില്‍ അനുസ്മരിക്കുന്നുണ്ട്. യേശുക്രിസ്തു ഗിരിപ്രഭാഷണത്തില്‍ ഉപദേശിച്ച കാര്യങ്ങള്‍ അക്ഷരംപ്രതി ക്രിസ്തുശിഷ്യനായ തിരുമേനി നിറവേറ്റിയ പല സന്ദര്‍ഭങ്ങള്‍ക്കും താന്‍ ദൃക്സാക്ഷിയായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തിരുമേനിയുടെ ജന്മശതാബ്ദി സ്മരണികയില്‍ ഡോ. രാമകൃഷ്ണപിള്ള എഴുതി: “ആര്‍ഷഭാരത സംസ്കാരവും ക്രിസ്തീയ സംസ്കാരവും മഹനീയമായ രീതിയില്‍ സമന്വയിപ്പിച്ചിരുന്ന ഒരു മഹാത്മാവായിരുന്നു മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനി. ഋഷിതുല്യമായ ജീവിതം, യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കണമെന്ന ഉല്‍ക്കടമായ, തീവ്രമായ അഭിവാഞ്ഛയോടുകൂടി നയിച്ച ജീവിതം.”

സ്ഥാപനങ്ങളും സമ്പത്തും ലൗകികശക്തിയും അഹങ്കാരത്തോടെ കാണിച്ചു മത്സരിക്കുന്ന മതങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിനും ഈശ്വരസൃഷ്ടിക്കു മുഴുവനും ശാപമായിത്തീരുമ്പോള്‍ ദൈവസ്നേഹത്തിന്‍റെയും കരുണയുടെയും തെളിനീരൊഴുക്കുന്ന പാമ്പാടി തിരുമേനിയെപ്പോലുള്ള നിഗൂഢമായ ഉറവകള്‍ നമ്മുടെ ലോകത്തിനു പ്രത്യാശയുടെ കുളിര്‍മ നല്‍കുന്നു.