ആധുനിക ജനായത്ത വ്യവസ്ഥകല്‍ മിക്കതും പാലിച്ചുകൊണ്ട് ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന ക്രിസ്തീയ സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. മലങ്കരസഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്കാബാവാ മുതല്‍ ഇടവകപള്ളി കമ്മറ്റിയംഗം വരെയുള്ള വരെ തിരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ ശബ്ദം നിര്‍ണ്ണായകമാണ്. ജനശബ്ദം ദൈവശബ്ദമാണ്, (Vox populi vox Dei) എന്നൊരു ലത്തീന്‍ പഴഞ്ചൊല്ലുണ്ട്.
തത്ത്വത്തില്‍ ഇങ്ങനെയാണെങ്കിലും ഒരു തിരഞ്ഞെടുപ്പു വരുമ്പോള്‍ ജനങ്ങളുടെ ശബ്ദത്തെ ഏതെല്ലാം വിധത്തില്‍ സ്വാധീനിക്കാനും മാറ്റിയെടുക്കാനും കഴിയുമോ അങ്ങനെയെല്ലാം ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കും. ചിലര്‍ ന്യായമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കും. മറ്റുചിലര്‍ ആശാസ്യമല്ലാത്ത വഴികള്‍ തേടും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും സാധാരണ ജനങ്ങള്‍ക്ക് വലിയ ധാരണ കാണുകയില്ല. ഒരു കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമ്പോള്‍ അവരുടെ മുന്‍ചരിത്രം അഥവാ track record കര്‍ശനമായി അന്വേഷിക്കാറുണ്ട്. മുന്‍ ഉഴവുചാലുകളില്‍ കുഴപ്പക്കാരനാണെങ്കില്‍ അതൊക്കെ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിര്‍ണ്ണായകമായ ഒരു പരിശോധനയാണിത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അധാര്‍മ്മികനായ ഒരു വ്യക്തിയാണെങ്കില്‍പ്പോലും ധാരാളം പണവും പരസ്യവും പ്രചരണവും ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദത്തെ തനിക്കനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് ഇന്‍ഡ്യാപോലെയുള്ള ജനായത്ത രാഷ്ട്രങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വിപുലമായ അധികാരമുള്ള ഇലക്ഷന്‍ കമ്മീഷനെ നിയമിക്കുന്നത്. ജനങ്ങളെ വ്യാജപ്രചരണം, പണം എന്നിവ ഉപയോഗിച്ച് അനാശാസ്യ മാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനിക്കുന്നത് തടയാന്‍ ശക്തമായ നിയമങ്ങളുണ്ട്. എങ്കിലും ചില വീരന്മാര്‍ നുഴഞ്ഞുകയറും. ഭരണത്തിന്‍റെ തലപ്പത്ത് അവരെത്തും. പക്ഷേ കുറെക്കാലം കഴിഞ്ഞ് അവരെ തീഹാര്‍ ജയിലിലും മറ്റും കാണാം. ഇതാണ് നിയമത്തിന്‍റെ ശക്തി.
മാതൃകാപരമായ തെരഞ്ഞെടുപ്പ് നടത്തി, രാഷ്ട്രത്തിനുകൂടി മാതൃക കാണിച്ചുകൊടുക്കേണ്ട സഭയില്‍ ഇത്രയും വലിയ നിയമവ്യവസ്ഥകളൊന്നുമില്ല. കാരണം കുറച്ചൊക്കെ ധാര്‍മ്മികബോധവും ലജ്ജയും തന്‍റെ അയോഗ്യതയെക്കുറിച്ചുബോധവുമുള്ള ആരും ഭരണനേതൃത്വത്തിലേക്ക് മല്‍സരിക്കയില്ല എന്നൊരു പൊതുധാരണ സഭയില്‍ നിലവിലുണ്ടായിരുന്നു. നല്ല ഉദാഹരണമാണ് മെത്രാന്‍ തെരഞ്ഞെടുപ്പ്. ഇപ്പോള്‍ നിലവില്‍ വരുത്തിയിരിക്കുന്ന സ്ക്രീനിംഗ് പ്രക്രിയയില്‍ വിദ്യാഭ്യാസം, പ്രായം, സാക്ഷ്യം തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ അങ്ങനെ യാതൊരു നിയമവും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. കാരണം, വളരെ യോഗ്യരെന്ന് എല്ലാവരും സമ്മതിക്കുന്ന വ്യക്തികള്‍പോലും ആ സ്ഥാനത്തിന് തങ്ങള്‍ അനര്‍ഹരാണ് എന്ന് വിശ്വസിക്കയും അതില്‍നിന്ന് പിന്‍തിരിയാന്‍ ശ്രമിക്കയും ചെയ്തിരുന്നു ഒരുകാലത്ത്. ഇപ്പോള്‍, സംഗതികള്‍ തലതിരിഞ്ഞു. അപ്പോള്‍ പുതിയ നിയമവ്യവസ്ഥകളും വന്നു. എന്നാല്‍ ഏതു ചട്ടങ്ങളെയും നിയമങ്ങളെയും മറികടന്ന്, അത്ര ‘ഓക്സിയോസ്’ അല്ലാത്ത ചിലര്‍ക്കും കയറിപ്പറ്റാനുള്ള ഓട്ടകള്‍ എപ്പോഴും ഏതു നിയമ സംവിധാനത്തിലും കാണും. ന്യായമായ തെരഞ്ഞെടുപ്പു വ്യവസ്ഥകളൊന്നുമില്ലാത്ത കേരളത്തിലെ ഒരു സഭയില്‍ അന്‍പതുലക്ഷം രൂപാവരെ പേശി പലര്‍ക്കും മെത്രാന്‍ സ്ഥാനം കൊടുക്കുന്നുണ്ട് എന്ന് ശക്തമായ കേള്‍വിയുണ്ട്. നീതിക്കുവേണ്ടി വാദിക്കുന്ന ചിലരൊക്കെ സ്ഥാനത്തിനുവേണ്ടി ഇത്തരം അനീതിയുടെ മുദ്രപ്പത്രത്തില്‍ നിരന്തരം ഒപ്പിട്ടുകൊടുത്തുകൊണ്ടാണിരിക്കുന്നത്. സുവിശേഷം മാത്രം പറയുന്ന ഒരു പുതിയ സഭയില്‍ ഒരാള്‍ മെത്രാന്‍ സ്ഥാനം ലഭിക്കാന്‍ കോടികള്‍ മുടക്കിയ കഥയും രഹസ്യമല്ല. ശക്തമായ ഭരണഘടനയും നിയമാനുസൃത തെരഞ്ഞെടുപ്പുമുള്ള ഒരു സഭാസംവിധാനത്തില്‍ അങ്ങനെയൊരു സംഗതി ഉണ്ടാവാന്‍ ഇടയില്ല.
ധാര്‍മ്മിക മാനദണ്ഡങ്ങളൊക്കെ മെത്രാന്‍ തെരഞ്ഞെടുപ്പിന് മതി, മറ്റ് സ്ഥാനങ്ങളിലേക്ക് അതൊന്നും വേണ്ട, ആര്‍ക്കും കയറി നില്‍ക്കാം, എന്നൊരു ധാരണയും ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. ഇത് ശരിയല്ല. “ദൈവജനം” എന്നും “യേശുക്രിസ്തുവിന്‍റെ ശരീരം” എന്നും വിളിക്കപ്പെടുന്ന സഭയുടെ ഭരണസംവിധാനത്തിലേക്ക് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആത്മീകമായ മാനദണ്ഡങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതു നിര്‍ബന്ധമായും വച്ചില്ലെങ്കില്‍, സ്വാഭാവികമായും പണം, പ്രചരണം, ഭീഷണി എന്നിവ ഉപയോഗിച്ച് അനര്‍ഹര്‍ സ്ഥാനം നേടും. ഇവിടെ “ജനങ്ങളുടെ ശബ്ദ”ത്തെ, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ ശബ്ദമാക്കി മാറ്റിമറിക്കാന്‍ കഴിയും എന്നു നാം മറക്കരുത്.
ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസിന്‍റെ കര്‍ശനമായ ഉന്നത പരീക്ഷകള്‍ പാസ്സായി വരുന്ന മിക്ക ഐ. പി. എസ് ഉദ്യോഗസ്ഥന്മാരെക്കാളും ഒരുപക്ഷേ നന്നായി തന്ത്രങ്ങള്‍ മെനയാനും എതിരാളിയെ നേരിടാനും കഴിവുള്ളവരായിരിക്കും രാജ്യത്തെ വന്‍കൊള്ളത്തലവന്മാരും അധോലോക നേതാക്കളും. പക്ഷേ അവരെ അല്ല നാം പോലീസ് സംവിധാനത്തിന്‍റെ തലപ്പത്ത് വയ്ക്കുന്നത്. കാരണം കൊള്ളത്തലവന്‍റെ ആത്യന്തിക ലക്ഷ്യം കൊള്ളയും കൊള്ളിവെപ്പുമാണ്, രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമമല്ല, യാതൊരു തത്വദീക്ഷയും ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരെ നേതാക്കളായി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന ദുര്‍ബലന്മാരുണ്ടാവാം. ഭയം, സ്ഥാനമോഹം, പ്രതികാരബുദ്ധി തുടങ്ങിയ വികാരങ്ങളാവാം അതിനു പുറകില്‍.
അപ്പോസ്തോല പ്രവൃത്തികളില്‍, ഏഴ് ശെമ്മാശ്ശന്മാരെ തിരഞ്ഞെടുക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ആദിമസഭയില്‍, ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച്, സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ച്, ഊട്ടുപുരയില്‍ ക്രമസമാധാനം പാലിക്കാനാണ് അവരെ തെരഞ്ഞെടുക്കുന്നത്. കുറെ തടിമിടുക്കും പ്രായോഗികബുദ്ധിയും ധാരാളം മതി ഈ ജോലിക്ക്. പക്ഷേ അപ്പോസ്തോലന്മാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ഇങ്ങനെയാണ് സഭയോടു പറഞ്ഞത്: “ആകയാല്‍ സഹോദരന്മാരെ, ആത്മാവും ജ്ഞാനവും നിറഞ്ഞു, നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ത്തന്നെ തിരഞ്ഞുകൊള്‍വിന്‍. അവരെ ഈ വേലക്ക് ആക്കാം’ (6:3). ആ ഏഴുപേരില്‍ നിന്നാണ് സ്തേഫാനോസ് ശെമ്മാശന്‍ ക്രിസ്തുവിനുവേണ്ടി അതിശക്തമായ സാക്ഷ്യം വഹിച്ച, സഭയുടെ ആദ്യരക്തസാക്ഷിയായിത്തീര്‍ന്നത്. സഭയില്‍ ഏതു സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടത്തുമ്പോഴും അപ്പോസ്തോലന്മാര്‍ മുന്നോട്ടുവച്ച മൂന്നു മാനദണ്ഡങ്ങള്‍-ആത്മാവും ജ്ഞാനവും നല്ല സാക്ഷ്യവും-സുപ്രധാനമാണ്.
മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, സഭയ്ക്ക് പരിശുദ്ധാത്മനിറവും ജ്ഞാനവും പൊതുസമൂഹത്തില്‍ നല്ല സാക്ഷ്യവുമുള്ള ഒരു നേതൃനിര ഉണ്ടാകണം എന്ന ലക്ഷ്യത്തെ നാം ഉയര്‍ത്തിപ്പിടിക്കണം. വെറും രാഷ്ട്രീയ പ്രേരിതമായ മാതൃക നാം വര്‍ജ്ജിക്കണം. നല്ല പരിശീലനം ലഭിച്ച നമ്മുടെ വൈദികരും ഇടവക ജനങ്ങളും ചേര്‍ന്നാണ് വാസ്തവത്തില്‍ സഭയുടെ ജീവനാഡി സൃഷ്ടിക്കുന്നത്. അവരെ നിരാശപ്പെടുത്തുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ശൈലികള്‍ മേല്‍ത്തട്ടുകളില്‍ നിന്നുണ്ടായാല്‍ അത് നമ്മുടെ ജനങ്ങളെയും വൈദികരെയും നിരാശപ്പെടുത്തും. സെമിനാരി പരിശീലനം ലഭിച്ച യുവ വൈദികര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ അവരുടെ കുടുംബം പുലര്‍ത്തുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്ന മാന്യമായ ശമ്പള-സേവന വ്യവസ്ഥകള്‍ ഉണ്ടാക്കുകയും നമ്മുടെ സമൂഹത്തിന്‍റെ മാറിവരുന്ന അജപാലന സാഹചര്യങ്ങളോടു ക്രിസ്തീയമായി പ്രതിസ്പന്ദിക്കുവാന്‍ ആവശ്യമായ തുടര്‍പരിശീലനം അവര്‍ക്ക് നല്‍കുകയും ചെയ്യേണ്ടത് സഭയുടെ അടിയന്തിരാവശ്യമാണ്. പരിശീലനം ലഭിച്ച നമ്മുടെ വൈദികരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ധാരാളം ഇടവകകള്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. സഭയുടെ പ്രധാന മൂലധനം വിശ്വാസികളായ ജനങ്ങളും അവരെ നയിക്കുന്ന ഇടവകവൈദികരുമാണ്. അതുകൊണ്ട് ഇടവകതലത്തിലുള്ള അജപാലനശുശ്രൂഷയില്‍ നമ്മുടെ ശക്തിയുടെ നല്ല പങ്ക് നാം വിന്യസിക്കണം.
ആവശ്യത്തിനും അനാവശ്യത്തിനും ഭദ്രാസനങ്ങള്‍ സൃഷ്ടിക്കയും അവയ്ക്ക് ആനുപാതികമായ ഇടയസന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടും മിഷന്‍ എന്ന ആശയം മുന്‍നിര്‍ത്തി ഒരു ഭദ്രാസനമോ മെത്രാനെയോ സൃഷ്ടിച്ചില്ല എന്നൊരു വലിയ കുറ്റം നമുക്കുണ്ട്. ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്നും അന്തര്‍മുഖത്വത്തില്‍ നിന്നും സഭയെ എല്ലാക്കാലത്തും മോചിപ്പിച്ചുകൊണ്ടിരുന്നത് അതിന്‍റെ മിഷണറി ദൗത്യബോധമാണ്. ദുഃഖപൂര്‍ണ്ണവും വഞ്ചനയുള്ളതുമായ ഈ ലോകത്തില്‍ മനുഷ്യര്‍ ആദ്ധ്യാത്മികമായി എന്താണ് അഭിലഷിക്കുന്നത് എന്നു മനസ്സിലാക്കിയും യേശുക്രിസ്തു എന്തിനുവേണ്ടിയാണ് മനുഷ്യാവതാരം ചെയ്തത് എന്ന് തിരിച്ചറിഞ്ഞും, സ്നേഹവും വിശ്വാസവും പ്രത്യാശയുമുള്ള ജീവിത മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുന്നതാണ് മിഷന്‍. സ്നേഹവും സമാധാനവും നീതിയും സത്യവും വസിക്കുന്ന ഇടങ്ങളാണ് മനുഷ്യന്‍ തേടുന്നത്. ക്രിസ്തീയ സഭയുടെ ദൗത്യം ഇത്തരം ഇടങ്ങളെ സൃഷ്ടിക്കയാണ്. നമ്മുടെ അജപാലന ശുശ്രൂഷ ഈ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സഹായിക്കുന്ന ഒരു നേതൃനിര നമുക്ക് കരുപ്പിടിപ്പിക്കാം.
(എഡിറ്റോറിയല്‍, പുരോഹിതന്‍, ജനുവരി 2012)