ഇരുപതാം നൂറ്റാണ്ടില്‍ ഗ്രീക്ക്, റഷ്യന്‍ തുടങ്ങിയ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ പ്രസിദ്ധമായ പേരാണ് ബിഷപ്പ് കാലിസ്റ്റോസ് വെയര്‍ (Kallistos Ware). ഇംഗ്ലീഷുകാരനായി ജനിച്ച് ആംഗ്ലിക്കന്‍ സഭയില്‍ അംഗമായിരുന്ന Timothy Ware പതിനേഴാം വയസില്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ ആകൃഷ്ടനായി. പണ്ഡിതനായ സന്യാസിയും ഓക്സ്ഫഡ് സര്‍വ്വകലാശാല അദ്ധ്യാപകനും ആയിരുന്നു. കാലിസ്റ്റോസ് എന്നത് സന്യാസനാമമാണ്. ‘അതിമനോഹരം’ എന്നാണ് വാക്കിനര്‍ത്ഥം. ഒരു പുരാതന ഗ്രീക്ക് വിശുദ്ധന്‍റെ പേരാണ്. റ്റിമോഥി വെയര്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ രാജകീയ സ്കോളര്‍ഷിപ്പോടെ പഠിച്ച് പിന്നിട് ഓക്സ്ഫഡിലെ മഡ്ലീന്‍ (Magdalene) കോളജില്‍ നിന്ന് പ്രശസ്തമായ നിലയില്‍ ബിരുദം എടുത്തു. 1958-ല്‍ ഓര്‍ത്തഡോക്സ് സഭാ അംഗത്വം സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മോസ്കോ പേട്രിയാര്‍ക്കേറ്റുമായി വിഘടിച്ച് റഷ്യക്ക് പുറത്തുണ്ടായ റഷ്യന്‍ സഭയാണ് (Russian Orthodox Church outside Russia) അദ്ദേഹം ആദ്യം പരിചയപ്പെട്ടത്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം ആ വിഭാഗം മോസ്ക്കോ പേട്രിയാര്‍ക്കേറ്റുമായി അനുരഞ്ജനത്തിലായി. ഒരു വിദ്യാര്‍ത്ഥി ആയിരിക്കെ ലണ്ടനില്‍ ബക്കിങാംപാലസ് റോഡിലൂടെ നടന്നുപോയപ്പോള്‍ ഒരു പള്ളിയില്‍നിന്ന് മനോഹരമായ സംഗീതവും കുന്തിരിക്കത്തിന്‍റെ സുഗന്ധവും അനുഭവിച്ച് വളരെ യാദൃച്ഛികമായി അവിടെ കയറി ചെന്ന റ്റിമോഥി എന്ന ഇംഗ്ലീഷ് യുവാവ് വ്യത്യസ്തമായ ആ റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ആരാധനയുടെ സൗന്ദര്യത്തിലൂടെ ഓര്‍ത്തഡോക്സ് വിശ്വാസം സ്വീകരിച്ച കഥ അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട് (The Inner Kindom, St Vladimir’s Seminary Press, 1993). ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയ ക്ലാസ്സിക്കല്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയ റ്റിമോഥി ശക്തമായ സന്യാസവിളി ലഭിച്ചതു മൂലം യറുശലേം, ഗ്രീസിലെ മൗണ്ട് ആതോസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. അവസാനം പത്മോസ് ദീപിലെ (അതായത് സുവിശേഷകനായ വി. യോഹന്നാന്‍ നാടുകടത്തപ്പെട്ട് താമസിച്ച് വെളിപാട് പുസ്തകം എഴുതിയതായി പറയുന്ന ഗ്രീക്ക് ദ്വീപ്) സന്യാസാശ്രമത്തില്‍ അംഗമായി. 1966-ല്‍ അദ്ദേഹം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. അതെത്തുടര്‍ന്ന് പൂര്‍ണ്ണ സന്യാസിയായി വ്രതമെടുക്കുകയും കലിസ്റ്റോസ് എന്ന സന്യാസ നാമം സ്വീകരിക്കുകയും ചെയ്തു. അതേ വര്‍ഷം ഓക്സ്ഫഡില്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് പഠനങ്ങളുടെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. പത്തനംതിട്ടയില്‍ മലങ്കരസഭ കാതോലിക്കേറ്റ് കോളജ് ആരംഭിച്ചപ്പോള്‍, രണ്ടു വര്‍ഷം (1953-54) പ്രിന്‍സിപ്പാളായി ക്ഷണിക്കപ്പെട്ട പണ്ഡിതനായ നിക്കോളാസ് സെര്‍നോവിന്‍റെ പിന്‍ഗാമി ആയിട്ടാണ് അദ്ദേഹം ഓക്സ്ഫഡില്‍ നിയമിക്കപ്പെട്ടത് (1975-ല്‍ സെര്‍നോവിനെ ഈ ലേഖകന്‍ ഓക്സ്ഫഡില്‍ വച്ച് സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹവും ഭാര്യ മിലിറ്റ്സയും വളരെ ഹൃദ്യമായി സ്വീകരിച്ചത് ഓര്‍ക്കുന്നു). കാലിസ്റ്റോസ് നീണ്ട 35 വര്‍ഷം ഓക്സ്ഫഡില്‍ അദ്ധ്യാപകനായി തുടര്‍ന്നു. അതിനിടയില്‍ അദ്ദേഹത്തെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ ഡിയോക്ലീയാ എന്ന ഒരു പുരാതന ഭദ്രാസനത്തിന്‍റെ സ്ഥാനീയ ബിഷപ്പായി വാഴിച്ചു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ പലതിലും ചിലപ്പോള്‍ പ്രശസ്തരായ അല്‍മായ വേദശാസ്ത്രജ്ഞന്മാരെയും വൈധവ്യരായി സന്യസിക്കുന്ന വിവാഹിത വൈദികരെയും ശീര്‍ഷകസ്ഥാനികളായ മെത്രാന്മാരായി (Titular bishops) നിയമിക്കുന്ന രീതി ഉണ്ട്. മെത്രാനായ ശേഷവും കാലിസ്റ്റോസ് ഓക്സ്ഫഡില്‍ പഠിപ്പിക്കുകയും അവിടെയുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരിയായി തുടരുകയും ചെയ്തു.
ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍നിന്ന് ഓര്‍ത്തഡോക്സ് വിശ്വാസത്തിലേക്ക് വന്നപ്പോള്‍ ബിഷപ്പ് കാലിസ്റ്റോസിന് ആദ്യകാലത്ത് ദുഃഖകരമായ അനുഭവങ്ങള്‍ പലതുമുണ്ടായി. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഗ്രീക്കു പേട്രിയാര്‍ക്കേറ്റും മോസ്ക്കോയിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് പേട്രിയാര്‍ക്കേറ്റും തമ്മിലുളള സ്വരചേര്‍ച്ച ഇല്ലായ്മ, റഷ്യന്‍ സഭയില്‍ തന്നെ റഷ്യക്ക് പുറത്തുണ്ടായിരുന്ന വിശ്വാസി സമൂഹവും മോസ്ക്കോ പേട്രിയാര്‍ക്കേറ്റുമായുള്ള ഉരസലുകള്‍, ചില ഓര്‍ത്തഡോക്സ് സന്യാസാശ്രമങ്ങളിലും വൈദികര്‍ക്കിടയിലും നിലനിന്നിരുന്ന തീവ്ര യാഥാസ്ഥിതിക വിശ്വാസങ്ങള്‍ എന്നിവയെല്ലാം നവവിശ്വാസിയായി വന്ന കാലിസ്റ്റോസിനെ വെട്ടിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍ത്തഡോക്സ് വിശ്വാസം വേണ്ടത്ര മുറുക്കമുള്ളതല്ലെന്നും, ഒരു ഇംഗ്ലീഷുകാരന് എങ്ങനെ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റ ആഴം മനസ്സിലാക്കാന്‍ കഴിയുമെന്ന വിമര്‍ശനവും, അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വളരെ കൂടുതല്‍ എക്യൂമിനിക്കല്‍ ആണെന്നുള്ള ആരോപണവും പല ഭാഗത്തു നിന്നും ഉണ്ടായി. എന്നാല്‍ അദ്ദേഹം പ്രായമായതോടെ പൊതുവെ എല്ലാവര്‍ക്കും സ്വീകാര്യനായി എന്നതാണ് വാസ്തവം. അദ്ദേഹം നേരിട്ട പ്രശ്നം മിക്കവാറും എല്ലാ ഓര്‍ത്തഡോക്സ് സഭകളിലും ഉണ്ട്. ഒരുതരം അടഞ്ഞ ജാതീയതയും അതിരുകടന്ന യാഥാസ്ഥിതികതയും മറ്റുള്ളവരെ സ്വീകരിക്കുവാനുള്ള മടിയും മറ്റും പൊതുവെ നാം കാണുന്ന കാര്യങ്ങള്‍ ആണല്ലോ. ഏതായാലും കാലിസ്റ്റോസ് വെയര്‍ അദ്ദേഹത്തിന്‍റെ വളരെ സുദൃഢമായ പഠനത്തിലും പാണ്ഡിത്യത്തിലും വിശ്വാസത്തിലും ഉറച്ചു നിന്നു. ആവശ്യമില്ലാത്ത തര്‍ക്കങ്ങളിലോ വാഗ്വാദങ്ങളിലോപെടാതെ ഓര്‍ത്തഡോക്സ് വിശ്വാസത്തെ നന്നായി പാശ്ചാത്യലോകത്ത് അവതരിപ്പിച്ചു. 1917-ല്‍ റഷ്യന്‍ വിപ്ലവത്തോടെ പശ്ചിമ യൂറോപ്പിലേക്ക് കുടിയേറിയ ലോസ്ക്കി, മയന്‍ഡോര്‍ഫ്, ഷ്മേമന്‍, എവ്ഡോക്കിമോവ്, ഫ്ളോറോവ്സ്ക്കി തുടങ്ങിയ പ്രശസ്ത വേദശാസ്ത്ര ചിന്തകന്മാരെപ്പോലെ തന്നെ കാലിസ്റ്റോസ് വെയറിന്‍റെ ചിന്തകളും രചനകളും വളരെയധികം പാശ്ചാത്യരെ ഓര്‍ത്തഡോക്സ് വിശ്വാസത്തിലേക്കും പൗരസ്ത്യ ആദ്ധ്യാത്മികതയിലേക്കും നയിക്കുവാനിടയാക്കി.
അദ്ദേഹവുമായി നന്നായി ഇടപെടുവാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരിക്കല്‍ ഒരു വേദശാസ്ത്ര സമ്മേളനത്തില്‍, പ്രയാസമുണ്ടായ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സഹായിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കട്ടെ. ടര്‍ക്കിയിലെ പുരാതന നഗരമായ ഈസ്റ്റാംബൂള്‍ (കുസ്തന്തീനോപോലിസ്) അടുത്തുള്ള മര്‍മാര കടലില്‍, ഹല്‍ക്കി ദ്വീപില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധമായ ഒരു തിയോളജിക്കല്‍ കോളജുണ്ട്. തുര്‍ക്കി അധികാരികള്‍ കോളജ് അടപ്പിച്ചെങ്കിലും അത് ഗ്രീക്ക് ഓര്‍ത്തഡോക്സുകാരുടെ ആശ്രമമായി ഇപ്പോഴും തുടരുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ വേദശാസ്ത്ര വിദ്യാലയങ്ങളുടെ ഒരു സമ്മേളനം എതാണ്ട് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ വെച്ചു നടന്നു (ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്നില്ല). വേദശാസ്ത്ര വിദ്യാഭ്യാസം സംബന്ധിച്ച് ഒരു വിഷയം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത് അനുസരിച്ച് അവിടെ ഒരു പ്രഭാഷണം നടത്താന്‍ എനിക്ക് അവസരമുണ്ടായി. സാന്ദര്‍ഭികമായി ഇന്ത്യയിലെ ഗുരുകുല സമ്പ്രദായത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. ക്രിസ്തുവിനെ ഭാരതീയ രീതിയില്‍ ഗുരുവായി കാണുന്ന ചിത്രകലാ രീതിയെക്കുറിച്ചും പറഞ്ഞു. പ്രസംഗം കഴിഞ്ഞപ്പോള്‍ എനിക്ക് മുന്‍ പരിചയമില്ലാത്ത രണ്ടു റഷ്യക്കാര്‍ എഴുനേറ്റ് കഠിനമായി പ്രസംഗത്തെ വിമര്‍ശിക്കയുണ്ടായി. യേശുക്രിസ്തുവിനെ “ഗുരു” എന്നു വിളിക്കുന്നത് വേദവിപരീതമാണെന്നാണ് അവരുടെ പക്ഷം. ഹരേ കൃഷ്ണ പ്രസ്ഥാനം, യോഗ തുടങ്ങിയവയും പലതരം വിചിത്രമായ ഗുരുസങ്കല്‍പ്പങ്ങളും യൂറോപ്പില്‍ പ്രചരിച്ചിരുന്ന കാലമായിരുന്നു അത്. ഞാന്‍ അല്പം അന്ധാളിച്ചു. പക്ഷേ എന്‍റെ പ്രയാസം ബിഷപ്പ് കാലിസ്റ്റോസ് മനസ്സിലാക്കി. അദ്ദേഹം എഴുന്നേറ്റ് വളരെ ശാന്തമായി പറഞ്ഞു; “ഗുരു എന്നാല്‍ സംസ്കൃതത്തില്‍ ടീച്ചര്‍ എന്നേ അര്‍ത്ഥമുള്ളു. സുവിശേഷങ്ങളില്‍ യേശുവിനെ ‘റബ്ബീ’ എന്നു ശിഷ്യര്‍ വിളിക്കുന്നുണ്ടല്ലോ. അതു തന്നെയാണ് ആ വാക്കിന്‍റെ അര്‍ത്ഥം. യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ പ്രചരിക്കുന്ന ‘ഗുരു’ സങ്കല്‍പ്പമല്ല ഫാദര്‍ ജോര്‍ജ് സൂചിപ്പിച്ചത്. ഇന്ത്യന്‍ പാരമ്പര്യത്തില്‍ വളരെയേറെ അര്‍ത്ഥമുള്ള ആദരണീയ പദമാണ് ഗുരു. അത് നാം ആ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കേണ്ടതാണ്.” അതോടെ രംഗം ശാന്തമായി.
മലയാളത്തില്‍ ഫിലോക്കാലിയ തുടങ്ങിയ വളരെ പ്രസിദ്ധമായ ഓര്‍ത്തഡോക്സ് അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്യിച്ച് അച്ചടിപ്പിച്ച് സൗജന്യമായി വിതരണം ചെയ്ത ഡോ. ചെറിയാന്‍ ഈപ്പന്‍ പല പ്രാവിശ്യം ബിഷപ്പ് കാലിസ്റ്റോസിനെ ഓക്സ്ഫഡില്‍ വെച്ച് കാണുകയുണ്ടായി. ഗ്രീസിലെ മൗണ്ട് ആഥോസില്‍ ഗ്രീക്ക് മൂലഭാഷയിലുള്ള ഫിലോക്കാലിയയുടെ നാലു വാല്യങ്ങള്‍ തര്‍ജിമ ചെയ്തു. അഞ്ചാമത്തേതിലേക്ക് കടക്കാന്‍ മടിയായിരുന്നു. എന്തോ ആദ്ധ്യാത്മിക കാരണം അതിന്‍റെ പിറകിലുണ്ടായിരിക്കാം. എന്നാല്‍ ഡോ. ചെറിയാന്‍ സാഹസികമായി മൗണ്ട് ആഥോസില്‍ ചെന്ന് ആരേയും കാണിക്കാതെ വെച്ചിരുന്ന ഫിലോക്കാലിയയുടെ മൂലകൃതി കാണുകയും റഷ്യന്‍ പരിഭാഷ ഉപയോഗിച്ച് മലയാളത്തില്‍ അഞ്ചു വാല്യങ്ങളും മൊഴിമാറ്റം നടത്തിക്കയും ചെയ്തു.
എപ്പോഴെങ്കിലും ഇന്ത്യയില്‍ മലങ്കരസഭ സന്ദര്‍ശിക്കാന്‍ ബിഷപ്പ് കാലിസ്റ്റോസിനെ ക്ഷണിച്ചെങ്കിലും അനാരോഗ്യം കാരണം ദൂരയാത്ര ഒഴിവാക്കയാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ രചനകളില്‍ ബിസന്‍റയിന്‍ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സഭകളെക്കുറിച്ചും അവയുടെ ആദ്ധ്യാത്മിക ധാരകളെക്കുറിച്ചുമാണ് പറയുന്നത്. എന്നാല്‍ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ഐക്യ ചര്‍ച്ചകളോടും അവയുടെ ശുഭകരമായ നിഗമനങ്ങളോടും അദ്ദേഹം യോജിക്കയും ചെയ്യുന്നുണ്ട്.
എങ്കിലും അദ്ദേഹം ഓര്‍ത്തഡോക്സ് സഭയ്ക്കു പുറത്തുനിന്നു വന്ന ആള്‍ ആയതുകൊണ്ട് അവിടവിടെ അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഓര്‍ത്തഡോക്സ് തീവ്രവാദികളും ഉണ്ടാകും. എ.ഡി. 451-ലെ കല്‍ക്കദോനാ സുന്നഹദോസിനു ശേഷം ഗ്രീക്ക് പാരമ്പര്യത്തിലുള്ള പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും മലങ്കരസഭ ഉള്‍ക്കൊള്ളുന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള വേര്‍തിരിവ് യാഥാസ്ഥിതിക കേന്ദ്രങ്ങള്‍ ഇപ്പോഴും ഗൗരവമായി എടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് അനാവശ്യമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ രചനകളിലും പ്രഭാഷണങ്ങളിലും അല്പം മുന്‍കരുതലെടുക്കുന്നത് സ്വഭാവികമാണ്. ഏതായാലും സഭാപിതാക്കന്മാരുടെ ജീവിതവും കൃതികളും ആഴമായി പഠിക്കുകയും ഉചിതമായി ഉദ്ധരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ രചനകള്‍ നമ്മുടെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളിലും പ്രയോജനകരമായി ഉപയോഗപ്പെടുത്താവുന്നതാണ്. അന്തരിച്ച പ. പൗലോസ് ദ്വിതീയന്‍ ബാവായുടെ സാന്നിധ്യത്തില്‍, കോട്ടയം ഭദ്രാസന പ്രതിമാസ വൈദിക സമ്മേളനങ്ങളില്‍ കാലിസ്റ്റോസിന്‍റെ The Orthodox Way അടിസ്ഥാനമാക്കി ചില ചിന്തകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐക്കണ്‍ പ്രസ്ഥാനത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകനായ എബ്രഹാം ചിറയ്ക്കല്‍ ആവശ്യമായ പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ചു തന്നതും ഓര്‍ക്കുന്നു. സന്യാസവും പാണ്ഡിത്യവും ഉത്തമ ജീവിതവും വിനയവും സമ്മേളിക്കുന്ന കാലിസ്റ്റോസ് മെത്രാപ്പോലീത്തായുടെ സാത്വിക സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

